കൊല്ലം : കൊട്ടാരക്കര ഓയൂരിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചാമവിള വീട്ടിൽ അനിൽ കുമാർ – രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ദേവദർശ്.
ചാത്തന്നൂരിൽ കൃഷി വകുപ്പ് ജീവനക്കാരിയായ മാതാവ് രേഷ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ മുകൾനിലയിലെ മുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ലോറി ഡ്രൈവറാണ് പിതാവ് അനിൽകുമാർ. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



