മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ, സമാനമായ ദുരനുഭവങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് തന്നെ ബന്ധപ്പെടുന്നതെന്ന് ഗായകൻ സലീം കോടത്തൂർ. വൃക്ക മാറ്റിവെച്ച 23 വയസ്സുള്ള ഒരു യുവാവ് തന്റെ വീഡിയോ കണ്ടതിന് ശേഷം വിളിക്കുകയും, താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ ചിത്രം അയച്ചുതരികയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് താൻ ഉപയോഗിച്ച ഫെയർനെസ് ക്രീമാണ് രോഗത്തിന് കാരണമായതെന്ന് ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞത്.
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 17-കാരി പരാതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പത്തുവർഷം മുൻപ് തനിക്കുണ്ടായ ദുരനുഭവം സലീം കോടത്തൂർ വെളിപ്പെടുത്തിയത്. നിറം വർദ്ധിപ്പിക്കുമെന്ന പരസ്യങ്ങൾ വിശ്വസിച്ച് രണ്ടുമാസത്തിനിടെ ഒന്നര ബോട്ടിലോളം ക്രീം ഉപയോഗിച്ചതോടെയാണ് ആരോഗ്യനില വഷളായത്. തുടക്കത്തിൽ കാലിലും കൺപോളകളിലും നീര് വരികയും മൂത്രത്തിൽ അണുബാധയുണ്ടാവുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്ന ഗുരുതരാവസ്ഥ കണ്ടെത്തിയത്. എട്ടുമാസത്തെ സ്റ്റിറോയിഡ് ചികിത്സയ്ക്ക് ശേഷമാണ് രോഗം ഭേദമായതെങ്കിലും, ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും വേദനസംഹാരികൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളും ഇപ്പോഴും തുടരുന്നുണ്ട്.
തനിക്കൊപ്പം ഇതേ ക്രീം ഉപയോഗിച്ച നാല് സുഹൃത്തുക്കൾക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും, തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിഞ്ഞെന്നും സലീം കോടത്തൂർ വ്യക്തമാക്കി. ചിലരിൽ വർഷങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഫാൻസി ഷോപ്പുകളിലും ജെന്റ്സ് കെയർ സ്ഥാപനങ്ങളിലും ഓൺലൈനിലുമെല്ലാം സമാനമായ ക്രീമുകൾ വ്യത്യസ്ത പേരുകളിൽ വിൽക്കപ്പെടുന്നുണ്ട്. മൊത്തമായി ക്രീം വാങ്ങി പാക്കിങ് മാറ്റി സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്നും, വിദേശത്തുനിന്ന് സമ്മാനമായി എത്തുന്ന പാക്കറ്റുകളിലും ഇത്തരം ക്രീമുകൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൃക്കരോഗം ബാധിച്ച് ഒരു വർഷത്തോളം സംഗീതപരിപാടികൾ ഒഴിവാക്കേണ്ടി വന്നതോടെ ശാരീരികമായും മാനസികമായും സാമ്പത്തികമായും താൻ തകർന്നുപോയിരുന്നുവെന്ന് ഗായകൻ ഓർമ്മിച്ചു. സുഹൃത്തുക്കളുടെ സഹായത്താലാണ് ചികിത്സ പൂർത്തിയാക്കാനായത്. വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടതോടെയും ഇനി ആർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകരുതെന്ന ആഗ്രഹത്താലുമാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. പരാതിക്കാരിയായ 17-കാരിക്കും സമാനമായ ദുരിതം അനുഭവിക്കുന്ന മറ്റുള്ളവർക്കും പിന്തുണ നൽകുന്നതിനായി കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചതായും സലീം കോടത്തൂർ അറിയിച്ചു.



