ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. സർക്കാരിന്റെ അടിച്ചമർത്തലുകൾ, അഴിമതി, വോട്ടർപട്ടികയിലെ ഗുരുതരമായ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ സംഘടന വ്യക്തമാക്കുന്നു. ‘നമ്മൾ പറയുന്ന ജനാധിപത്യം എന്താണ്? ഇന്ത്യയിലെ മോദിയുടെ ഏകാധിപത്യ ഭരണരീതി’ എന്ന പേരിലുള്ള 95 പേജുള്ള റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.
പാർലമെന്ററി നടപടിക്രമങ്ങളെ മറികടക്കുകയും രാഷ്ട്രീയ പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുകയും കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ബി.ജെ.പി സർക്കാർ ജനാധിപത്യ സംവിധാനത്തിന് തുരങ്കം വെക്കുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിനായി പാർലമെന്റിന്റെ മേൽനോട്ട സംവിധാനങ്ങളെ സർക്കാർ പലപ്പോഴും അവഗണിച്ചു. ലോക്സഭയിൽ നിന്ന് 100 പേരെയും രാജ്യസഭയിൽ നിന്ന് 46 പേരെയും സമ്മേളനകാലം മുഴുവൻ സസ്പെൻഡ് ചെയ്തിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നിയമപരിരക്ഷ നൽകുന്ന നിയമം പാസാക്കിയത് ഇതിന് ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്ന 2014 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ, മണി ബില്ലിന്റെ പരിധിയിൽ വരാത്ത നിയമങ്ങളെപ്പോലും മണി ബില്ലായി അവതരിപ്പിച്ച് പാസാക്കിയതായി റിപ്പോർട്ട് വിമർശിക്കുന്നു. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്ത ഈ മാർഗ്ഗം ഉപയോഗിച്ച് മൗലികാവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിയമങ്ങൾ സർക്കാർ നടപ്പാക്കി. 2019-ൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (PMLA) ഇത്തരത്തിൽ ഭേദഗതി വരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അധികാരങ്ങൾ വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കുമെതിരെ നടപടിയെടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പരാജയപ്പെട്ടതായും ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.



