മാനന്തവാടി: മാനന്തവാടിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബിയാണ്(63) മകൻറെ വെട്ടേറ്റ് മരിച്ചത്. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് ബേബിയുടെ മരണത്തിൽ കലാശിച്ചത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മകൻ റോബിൻ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ച റോബിനെ അച്ഛൻ ബേബി തടഞ്ഞിരുന്നു. ഇതേ തുടർന്നുള്ള തർക്കത്തിനിടയിലാണ് ബേബിക്ക് വെട്ടേറ്റതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
സംഭവം നടന്ന രാത്രിയിൽ പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. ചോദ്യം ചെയ്യൽ തുടരുകയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു,



