റിയാദ് : സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇ-പാസ്പോർട്ട് സേവനം ലഭ്യമായി തുടങ്ങിയെങ്കിലും അതിനെ കുറിച്ചുള്ള ആശങ്കയിലാണ് പ്രവാസികളിൽ അധികപേരും. നിലവിലുള്ള ബുക്ക് ടൈപ്പ് പാസ്പോർട്ട് പൂർണ്ണമായും ഒഴിവാക്കി ഓൺലൈൻ ആയോ ആപ്പ് ആയോ ഉപയോഗിക്കാവുന്ന സംവിധമാണ് ഇ-പാസ്പോർട്ട് എന്ന ധാരണയിലാണ് പലരും. പരമ്പരാഗത പാസ്‌പോർട്ടിന്റെ എല്ലാ സവിശേഷതകളോടൊപ്പം ഉടമയുടെ വിവരങ്ങൾ സംഭരിക്കുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾക്കൊള്ളിച്ചിട്ടുള്ള നൂതന യാത്രാരേഖയാണ് ഇലക്ട്രോണിക് പാസ്‌പോർട്ട് അഥവാ ഇ-പാസ്‌പോർട്ട്
സാധാരണ പാസ്‌പോർട്ട് ബുക്ക്‌ലെറ്റിനുള്ളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ എഫ് ഐ ഡി) ചിപ്പ് ഉൾച്ചേർത്ത യാത്രാരേഖയാണത്. ഉടമയുടെ പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ കൂടാതെ വിരലടയാളം, മുഖത്തിന്റെ ഡിജിറ്റൽ ചിത്രം തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. പാസ്‌പോർട്ടിന്റെ മുൻകവറിലുള്ള സ്വർണ്ണ നിറമുള്ള ചിഹ്നമാണ് ഇ-പാസ്‌പോർട്ടിനെ സാധാരണ പാസ്‌പോർട്ടിൽ നിന്ന് വേർതിരിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കിയ, ലോകോത്തര നിലവാരത്തിലുള്ള ഒരു ഡിജിറ്റൽ യാത്രാരേഖയായ ഇ-പാസ്‌പോർട്ടുകൾക്ക് സാധാരണ പാസ്‌പോർട്ടുകളേക്കാൾ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇത് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ എമിഗ്രേഷൻ കൗണ്ടറുകളിലെ ഇ-ഗേറ്റുകളിൽ പാസ്‌പോർട്ട് സ്കാൻ ചെയ്യുന്നു. സ്കാനിംഗിലൂടെ പാസ്‌പോർട്ടിന്റെ ചിപ്പിലുള്ള വിവരങ്ങൾ ഉദ്യോഗസ്ഥരുടെ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. ഇ-ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് വെരിഫിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് യാത്രികന്റെ വിരലടയാളമോ മുഖമോ പാസ്‌പോർട്ടിന്റെ ചിപ്പിലുള്ള ഡാറ്റയുമായി ഒത്തുനോക്കി പരിശോധന പൂർത്തിയാക്കാൻ കഴിയും.ഇത് ഇമിഗ്രേഷൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും.
തകർക്കാനാവാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇ-പാസ്‌പോർട്ടിന്റെ പ്രധാന സവിശേഷത. ചിപ്പിലെ ഡാറ്റാ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കും. ഈ ഒപ്പിൽ മാറ്റം വരുത്തിയാൽ ഉടൻ തന്നെ ചിപ്പ് പ്രവർത്തിക്കാതാവുകയും ഡാറ്റാ ചോർച്ച കണ്ടെത്തുകയും ചെയ്യും. പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ, അനധികൃതമായി ആർക്കും ചിപ്പിലെ വിവരങ്ങൾ വായിക്കാനോ പകർത്താനോ സാധ്യമല്ല. പാസ്‌പോർട്ട് വ്യാജമായി നിർമ്മിക്കുന്നത് തടയാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നു.
നിലവിൽ ഇ-പാസ്‌പോർട്ട് നിർബന്ധമാക്കിയിട്ടില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരാറായവർക്ക് ഒരു വർഷം മുൻപ് മുതൽ അപേക്ഷിക്കാവുന്നതാണ്. പേജുകൾ തീർന്നവർക്കും വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടവർക്കും ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്ക്, പ്രത്യേകിച്ച് വിദേശ രാജ്യത്ത് ജനിച്ച കുട്ടികൾക്ക് പുതിയ ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ ആയിരിക്കും ലഭിക്കുക. നിലവിൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുള്ളവർക്ക് അതിന്റെ കാലാവധി കഴിയുന്നതുവരെ പഴയ ബുക്ക്‌ലെറ്റ് ഉപയോഗിക്കുന്നത് തുടരാം. പുതിയ പാസ്‌പോർട്ടിന് നിർബന്ധമായും അപേക്ഷിക്കേണ്ടതില്ല.
വിദേശത്തുള്ള ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും വേണ്ടിയുള്ള പാസ്‌പോർട്ട് സേവാ പോർട്ടലായ https://embassy.passportindia.gov.in/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ കേന്ദ്രത്തിൽ വെച്ച് അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങളാണ് ചിപ്പിൽ എൻകോഡ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.



