റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിൻ സർവീസായ ‘ഡ്രീം ഓഫ് ദി ഡെസേർട്ടി’ (മരുഭൂമിയുടെ സ്വപ്നം) യുടെ ടിക്കറ്റ് റിസർവേഷനുകൾ ഈ വർഷാവസാനത്തിനു മുമ്പായി ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി.
റിയാദിനും വടക്കൻ സൗദി അറേബ്യക്കുമിടയിൽ 1,300 കിലോമീറ്റർ ദൂരത്തിലാണ് ഈ ആഡംബര ട്രെയിൻ സർവീസ് നടത്തുക. സൗദി അറേബ്യ റെയിൽവേയ്‌സ് കമ്പനിയും പ്രമുഖ ഇറ്റാലിയൻ ആഡംബര ട്രെയിൻ നിർമ്മാണ കമ്പനിയായ ആഴ്‌സണലിയും ചേർന്നുള്ള സംരംഭമാണിത്. സൗദിയുടെ നിലവിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ലക്ഷ്വറി ട്രെയിൻ രാജ്യത്തിന്റെ സംസ്‌കാരത്തെയും തനിമയെയും പ്രതിഫലിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെത്തിരിക്കുന്നത്.
സംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌ത ഈ ട്രെയിൻ, രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക ആഴവും അനുഭവിച്ചറിയാനുള്ള അവിസ്മരണീയമായ യാത്ര സന്ദർശകർക്ക് സമ്മാനിക്കും. ഓറിയന്റ് എക്‌സ്‌പ്രസ് കോച്ചുകളേക്കാൾ ആഡംബരപൂർണമായാണ് ഇതിന്റെ ആദ്യ കോച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്.
അടുത്ത വർഷം അവസാനത്തോടെ ട്രെയിൻ സർവീസ് ആരംഭിക്കും. ടൂറിസം അനുഭവം മെച്ചപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനും സഹായിക്കുന്ന ഗുണനിലവാരമുള്ള ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു



