പാറ്റ്‌ന: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവം വിവാദമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എ.ആർ.ഒ.) സസ്‌പെൻഡ് ചെയ്യുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തു.
സമസ്തിപൂരിലെ സറൈരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെ.എസ്.ആർ. കോളേജിന് സമീപമാണ് സ്ലിപ്പുകൾ കണ്ടെത്തിയത്. ആർ.ജെ.ഡി.യാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് തെരരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. എന്നാൽ, കണ്ടെത്തിയ സ്ലിപ്പുകൾ മോക്ക് സ്ലിപ്പുകൾ ആണെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
യഥാർത്ഥ വോട്ടെടുപ്പുമായി ബന്ധമില്ലാത്തതാണെന്നും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന ‘മോക്ക് സ്ലിപ്പുകൾ’ ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. വിഷയത്തിൽ വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്യുകയും, സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റിനോട് (ഡി.എം.) സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി സ്ലിപ്പുകൾ പിടിച്ചെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്



