പാലക്കാട് കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്

പാലക്കാട്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാലക്കാട് കാടാംകോട് കനാൽ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്.

നൂറടി റോഡ് രഞ്ജിത്തിൻ്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിൻ്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിൻ്റെ മകൻ സനൂഷ് (19) എന്നിവരാണ് മരണപ്പെട്ടത്.

ചിറ്റൂരിൽ പോയി പാലക്കാടേക്ക് തിരികെ വരികയായിരുന്ന ആറ് സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. റോഡിന് കുറുകെ ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് നിയന്ത്രണം വിടാൻ കാരണം. ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച കാർ, താഴെയുള്ള പാടത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

കാർ ഓടിച്ചിരുന്ന ആദിത്യൻ (23), ഋഷി (24), ജിതിൻ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസങ്ങളിൽ ഒരുമിച്ചു കൂടുകയും രാത്രി യാത്രകൾ പോവുകയും ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles