പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) നിലവിൽ വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. 243 സീറ്റുകളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റുകൾ കടന്നു എൻ ഡി എ സംഖ്യം.
തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം (എം ജി ബി) പിന്നോട്ട് പോകുന്നതായാണ് സൂചനകൾ. ഭാരതീയ ജനതാ പാർട്ടിയാണ് (ബി ജെ പി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുന്നത്. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ രാഷ്ട്രീയ ജനതാ ദളിന് സീറ്റുകൾ നിലനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും, സഖ്യം മൊത്തത്തിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല.
ഉയർന്ന പോളിംഗ് ശതമാനം ഭരണമാറ്റത്തിന് സാധ്യത നൽകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ നിലനിന്നിരുന്നുവെങ്കിലും, നിലവിലെ ട്രെൻഡുകൾ എൻ ഡി എ യുടെ തുടർച്ചയായ ഭരണത്തിനാണ് സാധ്യത നൽകുന്നത്. വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് ബിഹാർ.



