പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ അഖിൽ, തെരഞ്ഞെടുപ്പിൽ തന്നെ പാർട്ടി തഴഞ്ഞെന്നും അർഹമായ പരിഗണന നൽകിയില്ലെന്നും ആരോപിച്ചാണ് ഈ നിർണായക നീക്കം നടത്തിയത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അസംതൃപ്തി പുകയുന്നതിനിടെയാണ് യുവനേതാവിന്റെ കൊഴിഞ്ഞുപോക്ക്. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് അഖിലിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ അവഗണിച്ചതാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.



