‘മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉപദേശിച്ചിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. 2016-ൽ ജിജി തോംസൺ വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഡൽഹിയിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടെയാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ തന്നോട് ആവശ്യപ്പെട്ടത്.

സർവീസിൽ ഇരിക്കെ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാൻ പാടില്ലെന്നിരിക്കെ, തന്നേക്കാൾ ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരമൊരു ഓഫർ വന്നതിൽ അത്ഭുതം തോന്നിയെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് പ്ലാനില്ലെന്ന് മറുപടി നൽകി ഓഫർ ഉടൻ തന്നെ നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസൺ വെളിപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭരണഘടനാപരമായ ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്ന നിർണ്ണായക ഘട്ടത്തിലാണ് ഗ്യാനേഷ് കുമാറിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന ഈ തുറന്നുപറച്ചിൽ പുറത്തുവന്നിരിക്കുന്നത്.

കമ്മീഷനിലെ മറ്റ് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുമായി ആലോചിക്കാതെ പല നിർണ്ണായക തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി കൈക്കൊണ്ടെന്നും തങ്ങളെ ഇരുട്ടിൽ നിർത്തിയെന്നും ആരോപണമുയർന്നിരുന്നു. ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സംഘടനകളും രാജ്യവ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles