ന്യൂഡൽഹി: ‘വന്ദേ മാതരം’ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് കോൺഗ്രസ്. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് ‘വന്ദേ മാതര’ത്തെ കഷണങ്ങളാക്കി എന്ന് പ്രധാനമന്ത്രി ലോക്സഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും വാർത്താവിനിമയ വിഭാഗം ചുമതലക്കാരനുമായ ജയറാം രമേശ് പ്രധാനമന്ത്രിയെ ‘മാസ്റ്റർ ഡിസ്റ്റോറിയൻ’ അഥവാ ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ വിദഗ്ദ്ധൻ എന്നാണ് പരാമർശിച്ചത്. രാജ്യത്തിന്റെ രാഷ്ട്രപിതാക്കന്മാരെ, പ്രത്യേകിച്ച് രബീന്ദ്രനാഥ ടാഗോറിനെ, അപമാനിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
‘വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കവെ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ദേശീയഗാനം 100 വർഷം പൂർത്തിയാക്കിയ അടിയന്തരാവസ്ഥയുടെ കാലത്ത് രാജ്യത്തെ ശ്വാസം മുട്ടിച്ചു എന്നും, മൊഹമ്മദ് അലി ജിന്നയുടെ പ്രതിഷേധത്തെത്തുടർന്ന് ജവഹർലാൽ നെഹ്റു സുഭാഷ് ചന്ദ്ര ബോസിന് എഴുതിയ കത്തിൽ ‘വന്ദേ മാതര’ത്തിന്റെ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹിക സൗഹൃദത്തിന്റെ മറവിൽ കോൺഗ്രസ് ഈ ഗാനത്തെ വിഭജിച്ചു. ഇത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ‘വന്ദേ മാതര’ത്തിൽ വിട്ടുവീഴ്ച ചെയ്തത് കൊണ്ടാണ് പിന്നീട് ഇന്ത്യയുടെ വിഭജനത്തിനും കോൺഗ്രസ് വഴങ്ങിയതെന്നും മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനകളെ കോൺഗ്രസ് തള്ളിക്കളഞ്ഞു. ചരിത്രപരമായ സംഭാവനകളെ മനഃപൂർവം തിരുത്തിയെഴുതാനായി പ്രധാനമന്ത്രി തുടർച്ചയായി ജവഹർലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും പരാമർശിക്കുന്നുവെന്ന് കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് എല്ലാ പ്രസംഗങ്ങളിലും, വിഷയമെന്തായാലും ജവഹർലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും വലിച്ചിഴയ്ക്കുന്ന ഒരു ‘ശീലം’ ഉണ്ട്. ചരിത്രം തിരുത്തി എഴുതാനുള്ള അദ്ദേഹത്തിൻ്റെ ലക്ഷ്യമാണ് ഇതിലൂടെ കണ്ടത്. വിവിധ ചർച്ചകളിലായി പ്രധാനമന്ത്രി നെഹ്റുവിൻ്റെ പേര് 14 തവണയും കോൺഗ്രസിൻ്റെ പേര് 50 തവണയും പരാമർശിച്ചതിൻ്റെ കണക്കുകളും സഭയിൽ അവതരിപ്പിച്ചുകൊണ്ട് ഗൗരവ് ഗൊഗോയി പറഞ്ഞു. ബി.ജെ.പി എത്ര ശ്രമിച്ചാലും ജവഹർലാൽ നെഹ്റുവിൻ്റെ സംഭാവനകളിൽ ഒരു കളങ്കവും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാസ്റ്റർ ഡിസ്റ്റോറിയൻ’ ഇന്ന് പാർലമെന്റിൽ ഗുരുവര്യനായ രബീന്ദ്രനാഥ ടാഗോറിനെ വീണ്ടും അപമാനിച്ചിരിക്കുകയാണെന്ന് ജയറാം രമേശ് ‘എക്സി’ൽ കുറിച്ചു. “മാസ്റ്റർ ഡിസ്റ്റോറിയനായ പ്രധാനമന്ത്രി മാപ്പ് പറയണം. അദ്ദേഹം നമ്മുടെ രാഷ്ട്രപിതാക്കന്മാരെയും ടാഗോറിനെയും അപമാനിച്ചു”. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി, 1940-കളിൽ ലാഹോറിൽ പാകിസ്താൻ പ്രമേയം അവതരിപ്പിച്ച വ്യക്തിയുമായി ബംഗാളിൽ സഖ്യമുണ്ടാക്കിയ ശ്യാമ പ്രസാദ് മുഖർജി ആരാണെന്ന് മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.2005-ൽ കറാച്ചിയിൽ വെച്ച് ജിന്നയെ പ്രശംസിച്ച എൽ.കെ. അദ്വാനിയെക്കുറിച്ചും 2009-ൽ ജസ്വന്ത് സിങ് പുസ്തകത്തിൽ ജിന്നയെ പുകഴ്ത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



