വയനാട് : കർണാടകയിലെ കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ ഭാര്യയടക്കം കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വയനാട് തലപ്പുഴ അത്തിമല കോളനി സ്വദേശി ഗിരീഷിന് (38) വധശിക്ഷ വിധിച്ച് വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി. കൊലപാതകം നടന്ന് എട്ടര മാസത്തിനകം തന്നെ അതിവേഗ വിചാരണ പൂർത്തിയാക്കിയാണ് ജഡ്ജി എസ്. നടരാജ് വിധി പ്രസ്താവിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 27-നാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഗിരീഷിന്റെ ഭാര്യ നാഗി (30), നാഗിയുടെ മുൻ ബന്ധത്തിലെ മകൾ കാവേരി (5), നാഗിയുടെ അമ്മയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ ഗിരീഷ്, നാഗി മുൻ ഭർത്താവുമായി ബന്ധം തുടരുന്നു എന്നാരോപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
സംഭവദിവസം മദ്യപാനത്തിനായി പണം നൽകാത്തതിനെ തുടർന്ന് നാഗിയെ മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിച്ച മറ്റ് മൂന്നുപേരെയും ഗിരീഷ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിനെ അന്ന് വൈകിട്ട് തന്നെ വയനാട് തലപ്പുഴയിൽ നിന്ന് പ്രത്യേക പോലീസ് സംഘം പിടികൂടിയിരുന്നു.



