മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പെരിയമ്പലത്തിൽ വെച്ച് വൈകുന്നേരം 6:45 ഓടെയാണ് അപകടം നടന്നത്.
സ്കൂട്ടറിന്റെ മുൻഭാഗത്ത് വെച്ചിരുന്ന പടക്കങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്തുകൊണ്ട് പോവുകയായിരുന്നു ഇർഷാദ്. ഇതിനിടെ, അടുത്ത് നിന്ന് പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്കൂട്ടറിലെ പടക്കങ്ങളിലേക്ക് തെറിക്കുകയും തുടർന്ന് പടക്കങ്ങൾ ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ അപകടത്തിലാണ് ഇർഷാദ് മരണപ്പെട്ടത്.



