വാഹനാപകടം: ട്രെയിലർ ഇടിച്ച് മലയാളി യുവാവിനും ഫിലിപ്പീൻസ് പൗരനും ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ കായംകുളം ആറാട്ടുപുഴ എ. സി. പള്ളിക്ക് കിഴക്ക് അൻസില മൻസിലിൽ അൻസാർ അഷ്‌റഫ് (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ ‘പ്രിമ ഇവന്റ് മാനേജ്‌മെന്റ്’ കമ്പനിയിലെ ജീവനക്കാരനായിരുന്ന അൻസാർ ജോലിയുടെ ഭാഗമായി ദമ്മാമിൽ നിന്നും റിയാദിലേക്ക് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന് പിന്നിലേക്ക് അതിവേഗത്തിലെത്തിയ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അൻസാർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഒരു ഫിലിപ്പീൻസ് സ്വദേശിയും കൊല്ലപ്പെട്ടിട്ടുണ്ട്. വാനിലുണ്ടായിരുന്ന മറ്റു നാല് യാത്രക്കാർക്ക് പരിക്കേറ്റു. അവധി കഴിഞ്ഞ് തിരിച്ചെത്തി ഏതാനും ആഴ്ചകൾക്കുള്ളിലാണ് അൻസാറിനെ തേടി ദുരന്തമെത്തിയത്. അഷ്‌റഫ് – കുഞ്ഞുമോൾ ദമ്പതികളുടെ മകനാണ്. റിസാനയാണ് ഭാര്യ. അയാൻ, അദ്‌നാൻ എന്നിവർ മക്കളാണ്.

നിലവിൽ റിയാദ് കിംഗ് സൗദ് ജനറൽ ആശുപത്രി (ശുമൈസി) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷാജി ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻസാറിന്റെ ബന്ധു മാഹീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles