ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വി.ബി.ജി റാം ജി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ രാജ്യസഭയും പാസ്സാക്കി. ലോക്സഭ കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിലും പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിലും പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച വേളയിലാണ് അർദ്ധരാത്രിയോടെ ബിൽ പാസ്സാക്കിയത്.
ദരിദ്രരുടെ ക്ഷേമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ ബിൽ സഹായിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവകാശപ്പെട്ടു. എന്നാൽ, ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിലും പാവപ്പെട്ടവരുടെ തൊഴിലവകാശം ഇല്ലാതാക്കുന്നതിലും പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ജനങ്ങളെ പിച്ചക്കാരാക്കുന്ന ബില്ലാണിതെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെയാണ് ടി.എം.സി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സഭയിൽ ധർണ്ണ നടത്തുകയും പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഈ പേരുമാറ്റം വരും ദിവസങ്ങളിൽ രാജ്യവ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.



