20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

പതാക കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റ്; വിശദീകരണവുമായി ജിഫ്‌രി തങ്ങൾ

തൊടുപുഴ: സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ശതാബ്ദി സന്ദേശയാത്രയുടെ പതാക കൈമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. പതാക കൈമാറാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു എന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗശയ്യയിലുള്ള സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വസതിയിൽ വെച്ച് പതാക കൈമാറ്റം നടക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് മഖാം സിയാറത്തിന് എത്തുമ്പോൾ അവിടെ വെച്ച് സന്ദേശയാത്രക്കുള്ള പതാക ആലിക്കുട്ടി മുസ്‌ലിയാർക്ക് കൊടുത്തുവിടണമെന്ന് താൻ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ പതാക കൈമാറുന്നത് ആദ്യമായല്ലെന്നും തങ്ങൾ വിശദീകരിച്ചു. സംഘടനക്കുള്ളിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ശതാബ്ദി സന്ദേശയാത്രയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഇത്തരം അപശബ്ദങ്ങളെ പ്രവർത്തകർ അവഗണിക്കണമെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles