ന്യൂഡൽഹി: രാജ്യത്ത് പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും സങ്കീർണ്ണമായ വിഷയങ്ങളും വർദ്ധിച്ചുവരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയോടൊന്നും പ്രതികരിക്കാതെ സമയം കണ്ടെത്തി വിനോദ പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൂട്ടബലാത്സംഗക്കേസ് രാജ്യത്ത് വൻ പ്രതിഷേധത്തിനിടയാക്കുന്നതിനിടെ, പ്രധാനമന്ത്രി ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ നടന്ന ‘ഭജൻ ക്ലബ്ബിങ്ങ്’ പരിപാടിയിൽ പങ്കെടുത്തതിനെ മുൻനിർത്തിയാണ് ദീപ്‌കെയുടെ രൂക്ഷവിമർശനം.
സെപ്റ്റംബർ 25 വെള്ളിയാഴ്ച സംഘ്പരിവാർ ചിന്തകൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് എതിർവശത്തുള്ള പാർക്കിലാണ് ഭജൻ ക്ലബ്ബിങ്ങ് നടന്നത്. പരമ്പരാഗത ഭക്തിഗാനങ്ങൾ ഊർജ്ജസ്വലമായ, സംഗീതക്കച്ചേരി മാതൃകയിലുള്ള അന്തരീക്ഷത്തിൽ യുവാക്കൾ ഒത്തുചേർന്ന് ആസ്വദിക്കുന്ന ഈ പരിപാടിയിൽ മോദി പങ്കെടുക്കുകയും കൈകൊട്ടി ഗാനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ, ഡൽഹി കൂട്ടബലാത്സംഗ വാർത്തയുടെയും പ്രധാനമന്ത്രി പങ്കുവെച്ച ഭജൻ ക്ലബ്ബിങ്ങിന്റെ വീഡിയോയുടെയും സ്ക്രീൻഷോട്ടുകൾ ഒന്നിച്ച് ചേർത്ത് “മുൻഗണനകൾ” എന്ന ഒറ്റവാക്കിൽ എക്സിലൂടെ പ്‌കെ വിമർശനം ഉന്നയിക്കുകയായിരുന്നു.
രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രൂരമായ ആക്രമണത്തിന് ഇരയായ സംഭവം നടന്നിട്ടും ഭരണാധികാരിയെന്ന നിലയിൽ അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന പ്രധാനമന്ത്രി, ലഹരിയും മദ്യവുമില്ലാത്ത ക്ലബ്ബ് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭജൻ ക്ലബ്ബിങ്ങിൽ പങ്കെടുത്തതും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതുമാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. രാജ്യത്തെ ക്രമസമാധാന തകർച്ചയും ഭരണഘടനാ പ്രതിസന്ധികളും അവഗണിച്ച് പ്രധാനമന്ത്രി ആഘോഷങ്ങളിൽ മുഴുകുകയാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി.



