ബെയ്റൂത്ത്: ദക്ഷിണ ലെബനനിലെ ഹിസ്ബുല്ലയുടെ കരുത്തുറ്റ വിഭാഗമായ ‘റദ്വാൻ ഫോഴ്സിൻ്റെ’ പ്രധാന പരിശീലന കേന്ദ്രത്തിന് നേരെ ഇസ്രായേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഈ പുതിയ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുല്ലയുടെ ഏറ്റവും മികച്ച പോരാളികൾക്ക് പരിശീലനം നൽകുന്ന റദ്വാൻ യൂണിറ്റിന്റെ കേന്ദ്രമാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ തകർത്തത്. വടക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന അടിസ്ഥാന സൗകര്യങ്ങളും ആയുധപ്പുരകളും ഈ കേന്ദ്രത്തിലുണ്ടായിരുന്നുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അവകാശപ്പെട്ടു.
ലെബനനുമായുള്ള വെടിനിർത്തൽ കരാർ ഹിസ്ബുള്ള ലംഘിക്കുന്നുവെന്നും, അതിർത്തി മേഖലയിലേക്ക് ഭീകരർ വീണ്ടും പ്രവേശിക്കുന്നത് തടയാനാണ് ഈ ആക്രമണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ ഒളിത്താവളങ്ങൾ, ഭൂഗർഭ തുരങ്കങ്ങൾ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇസ്രായേൽ ആക്രമണം തുടരുകയാണ്. ലെബനന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നതിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ദക്ഷിണ ലെബനനിലെ ലിതാനി നദിക്ക് വടക്കോട്ട് ഹിസ്ബുള്ള പിന്മാറണമെന്ന കരാർ പാലിക്കപ്പെടുന്നില്ലെന്ന് ഇസ്രായേൽ ആരോപിക്കുമ്പോൾ, ഇസ്രായേൽ ലെബനന്റെ പരമാധികാരം ലംഘിക്കുകയാണെന്ന് ഹിസ്ബുല്ലയും ആരോപിക്കുന്നു.



