15.8 C
Saudi Arabia
Thursday, March 26, 2026
spot_img

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 തൊഴിലാളികൾക്ക് പരിക്ക്

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ പിപൽകോടിയിൽ വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായി പോയ ലോക്കോ ട്രെയിനും നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്‌സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്. അപകടസമയത്ത് ഏകദേശം 109 ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമായതിനാൽ അവരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുപേർക്ക് എല്ലുകൾക്ക് പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം.

അളകനന്ദ നദിയിൽ നിർമ്മാണത്തിലിരിക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടം നടന്നത്. വരാനിരിക്കുന്ന വർഷം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നിർമ്മാണ സാമഗ്രികളുമായി നീങ്ങുകയായിരുന്നു ഗുഡ്‌സ് ട്രെയിൻ. സംഭവത്തെത്തുടർന്ന് പദ്ധതി പ്രദേശത്തെ സുരക്ഷാ നടപടികളെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ വെളിച്ചക്കുറവോ ആശയവിനിമയത്തിലെ തകരാറോ ആയിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Related Articles

- Advertisement -spot_img

Latest Articles