റിയാദ്: പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, അത് ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കേളി സാംസ്കാരിക വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിലായിരുന്നു സംവാദം.
സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുകയും അരികുവൽക്കരിക്കുകയും ചെയ്യുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ചർച്ചയായി. നിറത്തിന്റെ പേരിൽ വംശീയമായി പാർശ്വവൽക്കരിക്കപ്പെടുന്നവർ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പൊതുധാരണകളുടെ നിർമ്മിതിയിൽ പലപ്പോഴും വേട്ടയാടപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നും സമൂഹത്തെ വിഭജിക്കുന്ന ധാരണകൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ചർച്ചയിൽ വിശദീകരിച്ചു. ചില ആശയങ്ങളും ധാരണകളും മാധ്യമങ്ങളിലൂടെയും സാമൂഹിക സംവിധാനങ്ങളിലൂടെയും നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അവ സ്വാഭാവികമായ പൊതുബോധമായി മാറുന്ന പ്രക്രിയയും സംവാദത്തിൽ പരിശോധിച്ചു.
വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്തയ്ക്ക് നൽകുന്ന പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ വിശദീകരിച്ചു. ഒരു വാർത്ത എന്തുകൊണ്ട് വാർത്തയാകുന്നു എന്നതിനൊപ്പം എന്തൊക്കെയാണ് വാർത്തയാകാതെ പോകുന്നത് എന്നതും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നു. ഇത്തരം പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വിവരങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അവയുടെ ഉറവിടവും ലക്ഷ്യവും അവതരണ രീതിയും പരിശോധിക്കുന്ന സമീപനം സമൂഹത്തിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ രാഷ്ട്രീയവും ഇത്തരം പൊതുബോധ നിർമിതിയുടെ ലക്ഷ്യമായി മാറുന്നുവെന്ന അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു. വിവിധ മാധ്യമങ്ങളുടെയും സാമൂഹിക സംവിധാനങ്ങളുടെയും ഇടപെടലുകൾ പരിശോധിച്ചുകൊണ്ട് വിഷയത്തെ വ്യത്യസ്ത വീക്ഷണങ്ങളിൽനിന്നാണ് സംവാദം സമീപിച്ചത്. കേളി സാംസ്കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.



