റിയാദ്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതിന് പിന്നാലെ, റിയാദ്-കോഴിക്കോട് സെക്ടറിൽ സൗദി എയർലൈൻസ് (സൗദിയ) നേരിട്ടുള്ള വിമാന ബുക്കിംഗ് ആരംഭിച്ചു. ഏറെക്കാലമായി മലയാളി പ്രവാസികൾ കാത്തിരുന്ന ഈ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ആഴ്ചയിൽ നാല് ദിവസമായിരിക്കും സൗദിയ ഈ സെക്ടറിൽ സർവീസ് നടത്തുക. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് റൺവേയുടെ ബലക്ഷയം കാരണമുണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറിയതോടെയാണ് പ്രമുഖ വിദേശ എയർലൈനുകൾ വീണ്ടും കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്.
നേരിട്ടുള്ള സർവീസുകൾ ഇല്ലാത്തതിനാൽ നിലവിൽ കണക്റ്റിംഗ് ഫ്ലൈറ്റുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാൻ ഈ തീരുമാനം സഹായിക്കും. പ്രവാസികളുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് വീണ്ടും യാഥാർത്യമാകുന്നത്. സൗദിയക്ക് പുറമെ മറ്റ് വിദേശ വിമാനക്കമ്പനികളും കരിപ്പൂരിലേക്ക് സർവീസ് തുടങ്ങാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മധ്യവേനൽ അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികൾക്കും ഈ സർവീസുകൾ വലിയ ഗുണകരമാകും.



