തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഉറപ്പുനൽകിയ ശേഷം അവസാന നിമിഷം തന്നെ തഴഞ്ഞ ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. പാർട്ടി നേതൃത്വത്തിന്റെ വാക്കുമാറ്റത്തോട് കടുത്ത പ്രതിഷേധമുണ്ടെങ്കിലും തന്നെ ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്ന് ഇറങ്ങിപ്പോകാൻ തനിക്ക് കഴിയില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി. മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതെന്നും എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറാക്കാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
കൗൺസിലറായി മത്സരിക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയതെന്നും ശ്രീലേഖ വെളിപ്പെടുത്തി. തന്നെ മേയറാക്കുമെന്ന് അവസാന നിമിഷം വരെ പാർട്ടി നേതാക്കൾ വിശ്വസിപ്പിച്ചിരുന്നു. നേതൃത്വത്തോടുള്ള പ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കിലും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ അടുത്ത അഞ്ച് വർഷം കൗൺസിലറായി തന്നെ തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു. വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ വേദിവിട്ടു പോയത് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ നിലനിൽക്കെ തന്നെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരിക്കാനാണ് ശ്രീലേഖയുടെ തീരുമാനം.



