ബൊഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. അമേരിക്ക കൊളംബിയയെ ആക്രമിക്കാൻ മുതിർന്നാൽ രാജ്യത്തെ സംരക്ഷിക്കാൻ താൻ വീണ്ടും ആയുധമെടുക്കാൻ തയ്യാറാണെന്ന് പെട്രോ വ്യക്തമാക്കി. വെനസ്വേലയിൽ നടത്തിയതിന് സമാനമായ ഇടപെടൽ കൊളംബിയയിൽ ഉണ്ടായാൽ അത് ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരിക്കൽ ആയുധം ഉപേക്ഷിച്ചതാണെങ്കിലും മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പോരാട്ടത്തിന് താൻ സന്നദ്ധനാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
നേരത്തെ, കൊളംബിയയെ ആക്രമിക്കാൻ ഇത് ഉചിതമായ സമയമാണെന്ന സൂചന ട്രംപ് നൽകിയിരുന്നു. കൊളംബിയയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിലും ഗുസ്താവോ പെട്രോയുടെ ഭരണ പരാജയത്തിലും അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, കൊളംബിയൻ സർക്കാരിനെതിരെ നടപടിയെടുക്കുമെന്ന ഭീഷണിയാണ് ഉയർത്തിയത്. വെനസ്വേലയിലെ നയപരമായ മാറ്റങ്ങൾക്കായി സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക കൂടുതൽ ഇടപെടലുകൾക്ക് ഒരുങ്ങുന്നത്. എന്നാൽ വിദേശ ശക്തികളുടെ ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗുസ്താവോ പെട്രോയും കൊളംബിയൻ ഭരണകൂടവും.



