തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘കീം’ (KEAM 2026) അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. ഇത്തവണ ഫീസിൽ വർദ്ധനവ് വരുത്തിയതിന് പുറമെ, ഒന്നിലധികം കോഴ്സുകൾക്ക് ഒന്നിച്ച് അപേക്ഷിക്കാനുള്ള സൗകര്യം നിർത്തലാക്കുകയും ചെയ്തു. എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്ക് കഴിഞ്ഞ വർഷം 875 രൂപയായിരുന്ന ഫീസ് ഇത്തവണ 925 രൂപയായി ഉയർത്തി. എസ്.സി വിഭാഗത്തിന്റെ ഫീസ് 375 രൂപയിൽ നിന്ന് 400 രൂപയാക്കി. നേരത്തെ ഒരൊറ്റ ഫീസ് അടച്ച് ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷിക്കാമായിരുന്നുവെങ്കിൽ, ഇനി മുതൽ ഓരോ കോഴ്സിനും വെവ്വേറെ ഫീസടയ്ക്കണം.
നേരത്തെ എൻജിനീയറിങ്ങിനും ഫാർമസിക്കും കൂടി ജനറൽ വിഭാഗത്തിന് 1125 രൂപ മതിയായിരുന്നുവെങ്കിൽ, പുതിയ നിയമപ്രകാരം ഓരോന്നിനും 925 രൂപ വീതം നൽകണം. മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്കും ആർക്കിടെക്ചറിനും ജനറൽ വിഭാഗത്തിനുള്ള ഫീസ് 625-ൽ നിന്ന് 650 രൂപയായും എസ്.സി വിഭാഗത്തിന്റേത് 250-ൽ നിന്ന് 260 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. യു.എ.ഇ കേന്ദ്രമായി പരീക്ഷ എഴുതുന്നവർ നൽകേണ്ട അധിക തുകയും 15,000-ൽ നിന്ന് 16,000 ആയി ഉയർത്തി. കഴിഞ്ഞ വർഷങ്ങളിൽ എൻജിനീയറിങ്ങിനും ഫാർമസിക്കും ഒന്നിച്ച് അപേക്ഷിച്ചിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർദ്ധിച്ചതാണ് ഇത്തരത്തിൽ വെവ്വേറെ ഫീസ് ഈടാക്കാൻ കാരണമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ വിശദീകരണം. എന്നാൽ ഒന്നിലധികം സ്ട്രീമുകളിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ പരിഷ്കാരം വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെച്ചിരിക്കുന്നത്.



