21.8 C
Saudi Arabia
Saturday, March 28, 2026
spot_img

ശബരിമല സ്വർണക്കൊള്ള: ഉദ്യോഗസ്ഥ വീഴ്ചകൾ ആസൂത്രിതമെന്ന് അന്വേഷണസംഘം; ഹൈക്കോടതിയിൽ ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ ശ്രീകോവിലിൽ പതിച്ച സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട നടപടികളിൽ പ്രതികളായ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദേവസ്വം മാന്വൽ പൂർണ്ണമായും ലംഘിച്ചാണ് സ്വർണപ്പാളികൾ പുറത്തേക്ക് കടത്തിയത്. സ്വർണപ്പണിക്കാരന്റെ സാന്നിധ്യമുണ്ടായിട്ടും സ്വർണപ്പാളികളെ ‘ചെമ്പുതകിടുകൾ’ എന്നാണ് മഹസറിൽ രേഖപ്പെടുത്തിയത്. അറ്റകുറ്റപ്പണിക്കായി കരാർ വെക്കാതിരുന്നതും പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തൂക്കം നോക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. പ്രതികളായ ഉദ്യോഗസ്ഥർക്ക് സ്വർണം നഷ്ടപ്പെട്ട കാര്യത്തിൽ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളിലും ശില്പങ്ങളിലും വലിയ അളവിൽ സ്വർണം ഉപയോഗിച്ചിരുന്നതായി മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഓരോ പ്ലേറ്റിലും എത്രമാത്രം സ്വർണമുണ്ടായിരുന്നു എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. മഹസറിൽ പ്രതികളുടെ സുഹൃത്തുക്കൾ ഒപ്പിട്ടതും അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിക്കാൻ ആളെ ചുമതലപ്പെടുത്തിയിട്ടും പരിശോധന നടക്കാത്തതും വലിയ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും ജാമ്യഹർജികൾ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ശബരിമലയിലെ പവിത്രമായ സ്വർണശേഖരത്തിൽ നടന്ന ഈ തിരിമറി ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles