അബൂദബി: പുതുവർഷത്തിൽ വിദേശയാത്രകൾ ആഗ്രഹിക്കുന്നവർക്കായി ഇത്തിഹാദ് എയർവേയ്‌സ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. 2026-ലേക്കുള്ള യാത്രകൾക്കായി അവതരിപ്പിച്ച ‘ഗ്ലോബൽ സെയിൽ’ വഴി ടിക്കറ്റ് നിരക്കുകളിൽ 26 ശതമാനം വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക സെയിൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഫെബ്രുവരി 5 മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്നതാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ അബൂദബിയിലേക്ക് ക്ഷണിക്കുന്നതിനൊപ്പം വിവിധ രാജ്യാന്തര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
ഷാർലറ്റ്, ക്രാബി, ഹോങ്കോംഗ്, തായ്‌പേയ് തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഇത്തവണത്തെ വിൽപനയിലെ പ്രധാന ആകർഷണം. കുറഞ്ഞ നിരക്കിലും ഇത്തിഹാദിന്റെ ലോകോത്തര ഇക്കണോമി ക്ലാസ് സേവനങ്ങളും ഭക്ഷണവും യാത്രക്കാർക്ക് ലഭ്യമാകും. 2025-ൽ 22.4 ദശലക്ഷം യാത്രക്കാരുമായി റെക്കോർഡ് വളർച്ച കൈവരിച്ച ഇത്തിഹാദ്, സർവീസുകൾ 110 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിമാനങ്ങളുടെ എണ്ണം 127 ആയി ഉയർത്തിയതായും കമ്പനി വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ഓഫർ സീറ്റുകൾ തീരുന്നതിന് മുൻപ് ബുക്ക് ചെയ്യണമെന്ന് ഇത്തിഹാദ് ഓർമ്മിപ്പിച്ചു.



