20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

അറബ് രാജ്യങ്ങളുടെ നയതന്ത്ര ഇടപെടൽ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു, ട്രംപ് പിന്മാറി

റിയാദ്: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള അമേരിക്കൻ നീക്കത്തിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങൾ നടത്തിയ അതിശക്തമായ നയതന്ത്ര ഇടപെടലാണ് പശ്ചിമേഷ്യയെ വൻ യുദ്ധത്തിൽ നിന്ന് രക്ഷിച്ചത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ, മേഖലയിൽ യുദ്ധമുണ്ടായാൽ അത് സാമ്പത്തിക നിലയെയും സുരക്ഷയെയും തകർക്കുമെന്നും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്നും അറബ് രാജ്യങ്ങൾ വാഷിംഗ്ടനെ ധരിപ്പിച്ചു.

പ്രക്ഷോഭകർക്കെതിരായ വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതോടെയാണ് ട്രംപ് നിലപാട് മാറ്റിയത്. ഇതിനിടെ, യുദ്ധസാധ്യത മുൻനിർത്തി ഇറാൻ അടച്ചിട്ടിരുന്ന വ്യോമപാതകൾ വീണ്ടും തുറന്നു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പഴയപടി തുടരാനാകും. സംഘർഷാവസ്ഥ അയഞ്ഞതോടെ ഇറാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആദ്യ വിമാനം ഇന്ന് തന്നെ തെഹ്‌റാനിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഗൾഫ് രാജ്യങ്ങളുടെ സമയോചിതമായ ഈ ഇടപെടൽ ലോകമെമ്പാടുമുള്ള പ്രവാസികൾക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles