23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലൂടെ യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്‌ക്കെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വലിയ രീതിയിൽ സൈബർ ആക്രമണത്തിന് വഴിമാറിയതോടെയാണ് ദീപക് ജീവനൊടുക്കിയത്. യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിദേശത്തേക്ക് കടന്നതായി വിവരമറിഞ്ഞത്. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കാനും ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുമുള്ള നീക്കത്തിലാണ് പോലീസ്. ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles