റിയാദ്: യെമനിലെ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന ‘പ്രോജക്ട് മാസാം’ വൻ വിജയകരമായി മുന്നേറുന്നു. തെക്കുപടിഞ്ഞാറൻ യെമനിലെ ബാബ് അൽ-മന്ദബ് മേഖലയിൽ നിന്ന് ഒറ്റദിവസം കൊണ്ട് 4,235 ലധികം മൈനുകളും മറ്റ് സ്ഫോടകവസ്തുക്കളും സംഘം നീക്കം ചെയ്ത് നശിപ്പിച്ചു. യെമനെ മൈൻ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ ടാങ്ക് വിരുദ്ധ മൈനുകൾ, ആന്റി പേഴ്സണൽ മൈനുകൾ, റോക്കറ്റുകൾ, ഗ്രനേഡുകൾ എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.
യെമനിലെ ഗ്രാമങ്ങൾ, റോഡുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ മൈനുകൾ നീക്കം ചെയ്യുന്നതിലൂടെ സിവിലിയന്മാരുടെ സുരക്ഷിതമായ സഞ്ചാരവും മാനുഷിക സഹായങ്ങളുടെ വിതരണവും ഉറപ്പാക്കാൻ സാധിക്കുമെന്ന് പ്രോജക്ട് മാസാം ഡയറക്ടർ ജനറൽ ഒസാമ അൽ-ഖുസൈബി പറഞ്ഞു. പ്രാദേശിക ജനങ്ങൾക്ക് മൈൻ നീക്കം ചെയ്യുന്നതിൽ പരിശീലനം നൽകുന്നതിനൊപ്പം ആധുനിക ഉപകരണങ്ങൾ നൽകുകയും സ്ഫോടനങ്ങളിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് ഈ പദ്ധതിയിലൂടെ. ഇതിനുപുറമെ, യെമനിലെ ഊർജ്ജ മേഖലയെ സഹായിക്കാനായി 70 ലധികം പവർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ 81.2 മില്യൺ ഡോളറിന്റെ ഗ്രാന്റ് സൗദി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



