തൃശൂർ: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഘർഷത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം അക്രമാസക്തമായതോടെ തൃശൂർ നഗരത്തിൽ ഏറെനേരം ഗതാഗത തടസ്സവും പരിഭ്രാന്തിയും നിലനിന്നു.
പോലീസ് നടപടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ആരോപണമുണ്ട്. സമാധാനപരമായി നടത്തിയ മാർച്ചിലേക്ക് പോലീസ് ബോധപൂർവ്വം ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത നേതാക്കളെ ഉടൻ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.



