ടെഹ്‌റാൻ: നിലവിൽ അമേരിക്കയുമായി ഇറാൻ യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടത്തുന്നില്ലെന്നും മധ്യസ്ഥ രാഷ്ട്രങ്ങൾ വഴി സന്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച പുനരാരംഭിക്കുന്നതിനുള്ള അന്തരീക്ഷവും അടിസ്ഥാനവും ഒരുക്കാൻ ചില മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ മധ്യസ്ഥർ മുഖേന സന്ദേശങ്ങൾ കൈമാറുന്നത് ചർച്ചകൾ നടക്കുന്നു എന്നതിന് തെളിവല്ലെന്ന് വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. മുൻ കരാറുകളിലെ ലംഘനങ്ങൾ അമേരിക്ക അവസാനിപ്പിക്കുകയും അത് പരിഹരിക്കുകയും ചെയ്യാതെ ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ലഭിച്ച വിവിധ നിർദ്ദേശങ്ങൾ ഇറാന്റെ ഉന്നത നേതൃത്വം പരിശോധിച്ചു വരികയാണെന്നും അരാഗ്ചി വ്യക്തമാക്കി.



