ദയൂബന്ദിനടിയിൽ ശിവക്ഷേത്രമെന്ന് വിവാദ പ്രസ്താവന: ഗംഗാജലവുമായി മാർച്ച് നടത്താൻ ‘ഹിന്ദു രക്ഷാ ദൾ’; അതീവ ജാഗ്രത

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപൂരിലുള്ള പ്രശസ്തമായ ഇസ്ലാമിക വിജ്ഞാനകേന്ദ്രം ദാറുൽ ഉലൂം ദയൂബന്ദ് സ്ഥിതി ചെയ്യുന്നിടത്ത് ശിവലിംഗമുണ്ടെന്ന വിവാദ അവകാശവാദവുമായി തീവ്രവലതുപക്ഷ സംഘടനയായ ‘ഹിന്ദു രക്ഷാ ദൾ’. ചൊവ്വാഴ്ച ദാറുൽ ഉലൂം കാമ്പസിലെത്തി ഗംഗാജലം അർപ്പിക്കുമെന്ന് പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ സംഘടനയുടെ ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ലളിത് ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പ്രസിഡന്റ് പിങ്കി ചൗധരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹരിദ്വാറിൽ നിന്ന് ഗംഗാജലവുമായി ദയൂബന്ദിലേക്ക് തിരിക്കുമെന്നാണ് പ്രഖ്യാപനം.

ദാറുൽ ഉലൂം ദയൂബന്ദ് കാമ്പസിന് ഏകദേശം 14 അടി താഴെയായി ഒരു ശിവക്ഷേത്രം മണ്ണിൽ പുതഞ്ഞുകിടപ്പുണ്ടെന്നാണ് ലളിത് ശർമ്മ അവകാശപ്പെടുന്നത്. സ്ഥാപന പരിസരത്ത് ക്ഷേത്രമുണ്ടെന്ന വാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹാറൻപൂർ ഭരണകൂടത്തെ മുൻപ് സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് നേരിട്ടെത്തി ഗംഗാജലം അർപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പും ഇതേ അവകാശവാദവുമായി സംഘടന ജില്ലാ ആസ്ഥാനത്ത് പ്രതിഷേധങ്ങളും നിവേദന സമർപ്പണവും നടത്തിയിരുന്നു.

അതേസമയം, ക്രമസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകി. ദയൂബന്ദിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദയൂബന്ദ് സർക്കിൾ ഓഫീസർ അമിത് കുമാർ സിങ് വ്യക്തമാക്കി. വർഗീയ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles