നീറ്റ് പ്രതിഷേധക്കാർക്കെതിരെ വിദ്വേഷ പരാമർശം: സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യൂട്യൂബിലൂടെ വിദ്വേഷ പരാമർശം നടത്തിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് തിരുവനന്തപുരത്തു നിന്നുള്ള സൈബർ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചോദ്യം ചെയ്യൽ പൂർത്തിയാക്കുകയും ചെയ്ത പോലീസ്, വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും ഓഗസ്റ്റ് 10 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും വിവരമുണ്ട്.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു ജൂലൈ 26-ന് മോഹൻദാസ് വിവാദ വീഡിയോ പങ്കുവെച്ചത്. താനായിരുന്നു ഭരിക്കുന്നതെങ്കിൽ ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്ത വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ് നടത്തുമെന്നും, അവരുടെ ശവങ്ങൾ പെറുക്കിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമായിരുന്നു എന്നുമായിരുന്നു പ്രധാന പരാമർശം. കൂടാതെ, പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമർശങ്ങളും ഇയാൾ നടത്തിയിരുന്നു.

എ.ഐ.വൈ.എഫ് നേതാവ് ടി.ടി. ജിസ്മോൻ, എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ എന്നിവർ ജൂലൈ 27-ന് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പരാതി ലഭിച്ച് 11 ദിവസത്തിന് ശേഷവും ഇയാളെ അറസ്റ്റ് ചെയ്യാത്തതിലും വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാത്തതിലും പ്രതിപക്ഷം വലിയ വിമർശനമുയർത്തിയിരുന്നു.

അതേസമയം, കേസിന്റെ സ്വഭാവവും നിയമനടപടികളും പൂർത്തിയാക്കാതെ ഒരാളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനാകില്ലെന്നും, പോലീസിന്റെ എല്ലാ നടപടികളും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നുമായിരുന്നു വിമർശനങ്ങളോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പോലീസിനെ വെല്ലുവിളിച്ച കേസിൽ അർജുൻ ആയങ്കിയെ പിടികൂടിയിട്ടും മോഹൻദാസിനെതിരെ നടപടി വൈകുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസിന്റെ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles