തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കുന്നതിലൂടെ സി.പി.എം കുറ്റവാളികളെ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കും പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്കും തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കിടക്കേണ്ട പ്രതികൾ ഭരണസ്വാധീനം ഉപയോഗിച്ച് ഭൂരിഭാഗം സമയവും പുറത്തിറങ്ങി നടക്കുകയാണെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
പെരിയ കേസ് പ്രതിയായ രഞ്ജിത്തിന് രണ്ട് മാസത്തിനിടെ രണ്ട് തവണ പരോൾ നൽകിയത് ഇതിന് തെളിവാണ്. സർക്കാർ സംവിധാനങ്ങൾ ക്രിമിനലുകൾക്ക് കുടപിടിക്കുകയാണ്. ഇത്തരം വഴിവിട്ട സഹായങ്ങൾ നൽകുന്നത് പ്രതികൾ പാർട്ടി രഹസ്യങ്ങൾ പുറത്തുവിടുമോ എന്ന ഭയം മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു. സഭയിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. ക്രിമിനലുകൾക്ക് പരോൾ നൽകുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും വിഷയത്തിൽ ഗവർണറുടെ ഇടപെടൽ തേടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.



