സൗദിയിൽ ഫത്‌വ നൽകാൻ വിവിധ മേഖലകളിൽ പണ്ഡിതന്മാരെ നിയോഗിച്ചു

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ മതപരമായ വിധിതീർപ്പുകൾ (ഫത്‌വ) നൽകുന്നതിനായി കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സിലെ (CSS) അംഗങ്ങളെ സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ നിയോഗിച്ചു. ഫത്‌വകൾ നൽകുന്നത് കൗൺസിൽ അംഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. വിശ്വാസികൾക്ക് അംഗീകൃത സ്രോതസ്സുകളിൽ നിന്ന് മതപരമായ സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സമൂഹത്തിന് പണ്ഡിതന്മാരുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സൗകര്യം ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ഉത്തരവ് പ്രകാരം തബൂക്ക്, അൽ-ജൗഫ് മേഖലകളിൽ ഷെയ്ഖ് യൂസഫ് ബിൻ മുഹമ്മദും മദീനയിൽ ഷെയ്ഖ് മുഹമ്മദ് മസീദും അസീർ, ജിസാൻ മേഖലകളിൽ ഷെയ്ഖ് ജിബ്രീൽ അൽ ബുസൈലിയും ഫത്‌വകൾക്ക് നേതൃത്വം നൽകും. അൽ-ബാഹ, നജ്‌റാൻ എന്നിവിടങ്ങളിൽ ഷെയ്ഖ് ഗാലിബ് ഹംസിയും ഖസീം, ഹാഇൽ മേഖലകളിൽ ഷെയ്ഖ് സാമി അൽ മുഖൈറും മക്കയിൽ ഷെയ്ഖ് ബന്ദർ ബലീലയും കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി മേഖലകളിലും ഷെയ്ഖ് അബ്ദുൽ ഇലാഹ് അൽ മുല്ലയും ചുമതലയേൽക്കും. പണ്ഡിതന്മാരെ സഹായിക്കുന്നതിനായി ഇസ്‌ലാമിക നിയമങ്ങളിൽ (ഫിഖ്ഹ്) വൈദഗ്ധ്യമുള്ള എൺപതോളം ഗവേഷകരെയും ഡിജിറ്റൽ സംവിധാനങ്ങളെയും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മിതവാദ നിലപാടുകളും സന്തുലിതമായ മതബോധവും ഉറപ്പുവരുത്തുന്നതിൽ ഈ നീക്കം നിർണ്ണായകമാകുമെന്ന് കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഫഹദ് അൽ മജീദ് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles