19.4 C
Saudi Arabia
Sunday, March 22, 2026
spot_img

“മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസി വേണം, ഞങ്ങൾക്ക് വേണ്ട”; ശിവൻകുട്ടിക്ക് മറുപടിയുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം സുനിൽ കനഗോലുവിന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണത്തിന് കടുത്ത മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിൽ സമരം ചെയ്യാൻ തങ്ങൾക്ക് മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്നും ഒരു വ്യക്തിയെ ബോധപൂർവ്വം അധിക്ഷേപിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുനിൽ കനഗോലു കോൺഗ്രസ് അംഗമാണെന്നും അദ്ദേഹം രാജ്യത്തുടനീളം പാർട്ടിയെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കാറുണ്ടെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ കേരളത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികൾ തീരുമാനിക്കുന്നത് മുന്നണി കൂട്ടായെടുത്ത തീരുമാനങ്ങളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ ആസ്ഥാനമായുള്ള ‘ടൈഡൽ 7’ എന്ന പി.ആർ ഏജൻസിക്ക് കോടിക്കണക്കിന് രൂപ നൽകി കൊണ്ടുവന്നാണോ മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് സതീശൻ ചോദിച്ചു. പി.ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് സർക്കാരാണെന്നും പ്രതിപക്ഷം ഉയർത്തുന്ന ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ ഒരു വ്യക്തിയെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടത്തുന്ന പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles