ഒരു പരീക്ഷാ പേപ്പറിന് 28 ലക്ഷം! നീറ്റ് ചോർച്ചയിൽ നടുക്കുന്ന വിവരങ്ങൾ; അച്ചടിശാല മുതൽ കോച്ചിംഗ് സെന്റർ വരെ സിബിഐ നിഴലിൽ

സീക്കർ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ സി.ബി.ഐ അന്വേഷണം രാജസ്ഥാനിലെ സീക്കറിലേക്ക് കേന്ദ്രീകരിക്കുന്നു. മഹാരാഷ്ട്രയിലെ നഷിക്കിലെ പ്രസ്സിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. നഷിക്കിൽ നിന്ന് ചോർന്ന പേപ്പർ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഒരു ഡോക്ടറിലൂടെയും ജയ്പൂർ സ്വദേശി വഴിയുമാണ് സീക്കറിലെ പ്രമുഖ കൗൺസിലിംഗ് ഏജന്റായ രാകേഷ് കുമാർ മണ്ടാവരിയയുടെ കൈകളിൽ എത്തിയത്. ഇത്തരത്തിൽ നഷിക് മുതൽ സീക്കർ വരെ നീളുന്ന സങ്കീർണ്ണമായ ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി) സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഗെസ് പേപ്പർ’ എന്ന വ്യാജേനയാണ് ചോദ്യപേപ്പർ രാജ്യവ്യാപകമായി വിതരണം ചെയ്തത്. ഇതിനായി 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് സംഘം ഈടാക്കിയത്. നാഗൗറിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് 28 ലക്ഷം രൂപ നൽകിയാണ് പേപ്പർ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നാണ് പേപ്പർ എത്തിയ വിവരം വിദ്യാർത്ഥികളെ വിളിച്ചറിയിച്ചിരുന്നത്. എന്നാൽ പണം സമ്പാദിക്കാനുള്ള സംഘത്തിന്റെ അമിത അത്യാഗ്രഹമാണ് ചോർച്ച പുറത്തറിയാൻ കാരണമായതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. രാകേഷ് കുമാർ വെറും 30,000 രൂപയ്ക്ക് കേരളത്തിൽ എം.ബി.ബി.എസ് പഠിക്കുന്ന സീക്കർ സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് പേപ്പർ വിറ്റിരുന്നു. ഈ വിദ്യാർത്ഥി പരീക്ഷയുടെ തലേദിവസം തന്റെ പിതാവിന് വാട്സാപ്പ് വഴി പേപ്പർ അയച്ചുകൊടുക്കുകയും ഹോസ്റ്റൽ നടത്തുന്ന പിതാവിനോട് അവിടെയുള്ള പെൺകുട്ടികൾക്ക് ഈ ചോദ്യങ്ങൾ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

പരീക്ഷയ്ക്ക് ശേഷം ചോദ്യങ്ങൾ ഒത്തുനോക്കിയപ്പോൾ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും അതേപടി ‘ഗെസ് പേപ്പറിൽ’ ഉള്ളതായി കണ്ടെത്തി. കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ കോമയും ഫുൾസ്റ്റോപ്പും പോലും മാറാതെയാണ് യഥാർത്ഥ പേപ്പറിൽ ഉണ്ടായിരുന്നത്. ഈ കൃത്യത കണ്ട് സംശയം തോന്നിയ ഹോസ്റ്റൽ ഉടമ ഉടൻ തന്നെ പോലീസിനെയും തുടർന്ന് എൻ.ടി.എയെയും വിവരമറിയിക്കുകയായിരുന്നു. എൻ.ടി.എ ഈ വിവരം ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറിയതോടെയാണ് രാജസ്ഥാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. നിലവിൽ ഹോസ്റ്റൽ ഉടമയും രാകേഷും ഉൾപ്പെടെ 15 ഓളം പേർ കസ്റ്റഡിയിലാണ്. രാജ്യത്തെ പ്രമുഖ കോച്ചിംഗ് ഹബ്ബായ സീക്കർ ഇപ്പോൾ പരീക്ഷാ ചോർച്ചാ സംഘങ്ങളുടെ താവളമായി മാറിയിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

 

Related Articles

- Advertisement -spot_img

Latest Articles