മക്ക: ഹജ്ജ് സീസണിന് മുന്നോടിയായി മക്ക പ്രവിശ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അനധികൃത അറവുശാലകൾക്കെതിരെ വ്യാപക പരിശോധന നടത്തി. മക്ക മുൻസിപ്പാലിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് മുജാഹിദീൻ, നാഷണൽ കമ്പനി ഫോർ അഗ്രിക്കൾച്ചറൽ സർവീസസ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘അനധികൃത അറവ് നിയന്ത്രണ സമിതി’യാണ് ഫീൽഡ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, നഗരത്തിലെ മലിനീകരണം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ മുൻകൂർ നടപടികൾ.
വിവിധയിടങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ നിയമലംഘനം നടത്തി പ്രവർത്തിച്ചിരുന്ന നിരവധി കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. അംഗീകൃത അറവുശാലകൾക്ക് പുറത്ത് അറുക്കുന്നതിനായി തയ്യാറാക്കി നിർത്തിയിരുന്ന ആടുകളെയും ഒട്ടകങ്ങളെയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ പിഴയടക്കമുള്ള കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അംഗീകൃത കേന്ദ്രങ്ങളിൽ മാത്രം അറവ് നടത്തണമെന്നും പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



