മന്ത്രിസഭാ രൂപീകരണം; നിർണ്ണായക യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്ന ആകാംക്ഷകൾക്കിടെ, യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മന്ത്രി സ്ഥാനങ്ങൾ, വകുപ്പുകൾ എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. ജലവിഭവ വകുപ്പ് കേരള കോൺഗ്രസിന് നൽകിയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ് തയ്യാറാക്കിയ വകുപ്പ് വിഭജന ഫോർമുല ഇന്നത്തെ യോഗത്തിൽ ഘടകകക്ഷികൾക്ക് മുന്നിൽ അവതരിപ്പിക്കും.

മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരാകും കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിൽ ഉണ്ടാവുക. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസന്റ്, എൻ. ശക്തൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പട്ടികയിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആർക്ക് നൽകണം എന്ന കാര്യത്തിൽ മുന്നണിക്കുള്ളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

അതേസമയം, സി.പി.എം വിമതരായി ജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. എം.എൽ.എമാരുടെ പ്രാദേശികവും സാമുദായികവുമായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. വരും ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കാനിരിക്കെ, ഇന്നത്തെ യു.ഡി.എഫ് യോഗം രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles