തൃശൂർ: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സി.പി.എം പ്രചാരണം പരാജയ ഭീതിയിൽ നിന്നുടലെടുത്തതാണെന്ന് കെ. മുരളീധരൻ. യു.ഡി.എഫിലെ മുഴുവൻ കക്ഷികളുടെയും വികാരം കണക്കിലെടുത്താണ് ഹൈക്കമാൻഡ് സതീശനെ ഈ പദവിയിലേക്ക് നിയോഗിച്ചത്. തന്റെ പൂർണ്ണ പിന്തുണ സതീശനാണെന്നും ഒരു ജനാധിപത്യ പാർട്ടിയായതിനാലാണ് കോൺഗ്രസിൽ പലവിധ അഭിപ്രായങ്ങൾ ഉയരുന്നതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. രമേശ് ചെന്നിത്തല അച്ചടക്കമുള്ള കോൺഗ്രസുകാരനാണെന്നും അദ്ദേഹം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും പറഞ്ഞ മുരളീധരൻ, ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കി.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ മുരളീധരൻ പരിഹസിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.ഡി.എഫ് നൂറ് സീറ്റ് നേടിയെന്നും, ഇനി അദ്ദേഹം പ്രതിപക്ഷത്തിരുന്നാൽ അടുത്ത തവണ യു.ഡി.എഫ് നിയമസഭ തൂത്തുവാരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ മികച്ച രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി നൽകേണ്ട എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാനും നിരസിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. അദ്ദേഹം മന്ത്രിസഭയിൽ വേണോ എന്ന കാര്യം മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് തീരുമാനിക്കും. കെ.സി. വേണുഗോപാൽ പാർട്ടിയുടെ തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിച്ചുവെന്നും ചെന്നിത്തലയുടെ പ്രതികരണത്തിൽ സ്വാഭാവികമായ കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരവരുടേതായ ശൈലിയുണ്ടെന്നും ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി.



