തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം ശക്തമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. വെള്ളിയാഴ്ച മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനവില റെക്കോർഡ് നിലവാരത്തിലെത്തി. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി ഉയർന്നു. ദീർഘകാലമായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ ഈ വർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുമെന്നുറപ്പാണ്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളായ കൊൽക്കത്ത (108.74), മുംബൈ (106.68), ചെന്നൈ (103.67), ഡൽഹി (97.77) എന്നിവിടങ്ങളിലും വിലയിൽ വലിയ വർധനവുണ്ടായി.
അതേസമയം, വില വർധനവിനിടയിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ അറിയിച്ചു. നിലവിൽ 60 ദിവസത്തേക്കുള്ള ഇന്ധനശേഖരവും 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും രാജ്യത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് മൂലം എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ ഈ നഷ്ടം ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളമെത്തും. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ ഇത്തരം മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസരിച്ച് ഇന്ധനവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.



