ജിദ്ദ: ഓട്ടിസം, സെറിബ്രൽ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഐസിഎഫ് ‘രിഫാഈ കെയർ’ എന്ന പേരിൽ വിപുലമായ പദ്ധതി നടപ്പിലാക്കുന്നു. കേരളത്തിൽ ജന്മനാ അവശതകൾ നേരിടുന്ന നിരവധി കുട്ടികൾക്ക് ആവശ്യമായ പരിചരണവും സഹായ സംവിധാനങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഐസിഎഫ് ഈ കാരുണ്യ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ട് മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് മുൻഗണന നൽകുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 2500 രൂപ വീതം വർഷത്തിൽ 30,000 രൂപയുടെ ധനസഹായമാണ് എത്തിക്കുന്നത്.
കൂടാതെ, പ്രവാസികളുടെ കുടുംബക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘ഐസിഎഫ് കെയർ’ എന്ന പേരിൽ മറ്റൊരു പദ്ധതിയും സംഘടന നടപ്പിലാക്കുന്നു. മാരക രോഗങ്ങൾ മൂലമോ അകാല മരണം മൂലമോ ദുരിതത്തിലാകുന്ന പ്രവാസി കുടുംബങ്ങൾക്ക് ഈ പദ്ധതി ആശ്വാസമേകുന്നു. രോഗപീഡകൾ അനുഭവിക്കുന്നവർക്ക് ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപ വരെയും, മരണം സംഭവിച്ച കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയും ഈ സ്കീമിലൂടെ നൽകി വരുന്നു. സഹജീവികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഐസിഎഫ് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങൾ ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഐസിഎഫ് നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എ ആർ നഗർ , നാഷണൽ വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ, പിആർ ആൻഡ് മീഡിയ സെക്രട്ടറി അഷ്റഫലി എംകെ. സംബന്ധിച്ചു.



