മക്ക: വിശുദ്ധ ഹറമിലെ ജുമുഅ നിസ്കാരത്തിന് ശേഷം ഇന്ത്യൻ തീർത്ഥാടകരുടെ താമസസ്ഥലത്തേക്കുള്ള യാത്ര സുഗമമാക്കി ഹജ്ജ് മിഷനും കോൺസുലേറ്റ് ഉദ്യോഗസ്ഥരും. വിശുദ്ധ ഹറമിൽ നേരിട്ടെത്തിയ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ഹാജിമാർ താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്ന പ്രവർത്തനങ്ങളും മറ്റു സൗകര്യങ്ങളും വിലയിരുത്തി. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ (ഹജ്ജ്) സദഫ് ചൗധരി എന്നിവർ മക്കയിലെത്തി ഗതാഗത ക്രമീകരണങ്ങളും ഹാജിമാർക്കുള്ള സഹായങ്ങളും നിരീക്ഷിച്ചു. ലക്ഷക്കണക്കിന് വിശ്വാസികൾ ഒത്തുചേരുന്ന വെള്ളിയാഴ്ചകളിൽ തീർത്ഥാടകർക്ക് തടസ്സമില്ലാതെ മടക്കയാത്ര ഉറപ്പാക്കാൻ ഹജ്ജ് മിഷൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തീർത്ഥാടകരെ സഹായിക്കുന്നതിനായി ഹജ്ജ് മിഷന്റെ വിവിധ സംഘങ്ങൾ മക്കയിൽ ഉടനീളം കർമ്മനിരതരാണ്. ഗതാഗത സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാജിമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി നിരവധി ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഐ സി എഫ്, ആർ എസ് സി, കെ എം സി സി വളണ്ടിയർമാർ ഉൾപ്പടെ സന്നദ്ധ പ്രവർത്തകരും മെഡിക്കൽ സംഘവും ഹാജിമാരുടെ ആരോഗ്യവും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ മുഴുവൻ സമയവും സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹജ്ജ് യാത്രയുടെ ഓരോ ഘട്ടത്തിലും ഇന്ത്യൻ തീർത്ഥാടകർക്ക് മികച്ച സേവനവും സുരക്ഷയും ലഭ്യമാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.



