അധിനിവേശങ്ങൾക്കിടയിലും അതിജീവനത്തിന്റെ ഓട്ടം; പത്താം പലസ്തീൻ ഇന്റർനാഷണൽ മാരത്തൺ ബെത്‌ലഹേമിലും ഗാസയിലും നടന്നു

ഗസ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിൽ പത്താം പലസ്തീൻ ഇന്റർനാഷണൽ മാരത്തൺ ആവേശകരമായി നടന്നു. ഇസ്രായേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തെത്തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാസയിലും ഇതിന് സമാന്തരമായി മത്സരങ്ങൾ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ആറ് മണിക്ക് ബെത്‌ലഹേമിലെ നേറ്റിവിറ്റി ചർച്ചിന് മുന്നിൽ നിന്നാണ് 42 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന മാരത്തൺ ആരംഭിച്ചത്. ആയിരക്കണക്കിന് പലസ്തീൻ സ്വദേശികളും അന്താരാഷ്ട്ര ഓട്ടക്കാരും മാരത്തണിൽ പങ്കുചേർന്നു. പലസ്തീൻ ജനതയുടെയും മാതൃരാജ്യത്തിന്റെയും ഐക്യത്തിന്റെ സന്ദേശമാണ് ഈ വർഷത്തെ മാരത്തൺ മുന്നോട്ട് വെക്കുന്നതെന്ന് കോർഡിനേറ്റർ ഇഅ്തിദാൽ അബ്ദുൽ ഗാനി പറഞ്ഞു. ഗാസയുടെ മധ്യഭാഗത്തുള്ള വാദി ഗാസ പാലത്തിൽ നിന്ന് വടക്ക് ഭാഗത്തേക്കാണ് അഞ്ച് കിലോമീറ്റർ റേസ് സംഘടിപ്പിച്ചത്.

ഇതിനുപുറമെ ഏപ്രിൽ 17 മുതൽ 21 വരെ വിവിധ രാജ്യങ്ങളിലായി നടന്ന വെർച്വൽ മാരത്തണിൽ 88 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം പേർ പങ്കെടുത്തു. ഗാസയിൽ നിന്നുള്ള 2,523 പേരും 75 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദേശികളും ഉൾപ്പെടെ മൊത്തം 13,000-ത്തിലധികം കായികതാരങ്ങളാണ് ഇത്തവണ മാരത്തണിന്റെ ഭാഗമായത്. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ (21 കി.മീ), 10 കി.മീ, 5 കി.മീ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. പ്രൊഫഷണൽ താരങ്ങൾക്കും അമച്വർ ഓട്ടക്കാർക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. പലസ്തീൻ ഹയർ കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ്, പലസ്തീൻ ഒളിമ്പിക് കമ്മിറ്റി, ബെത്‌ലഹേം മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് ഈ വലിയ കായിക മാമാങ്കം സംഘടിപ്പിച്ചത്.

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ മാരത്തൺ നടന്നത് എന്നതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിന് ശേഷം വെസ്റ്റ് ബാങ്കിലുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 1,155 പലസ്തീനികൾ കൊല്ലപ്പെടുകയും 11,750 പേർക്ക് പരിക്കേൽക്കുകയും ഏകദേശം 22,000 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടെന്ന് പലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസയിൽ ഇതുവരെ 72,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. കടുത്ത വെല്ലുവിളികൾക്കിടയിലും പലസ്തീന്റെ അതിജീവനത്തിന്റെയും വിട്ടുകൊടുക്കാത്ത മനസ്സിന്റെയും പ്രതീകമായി ഈ മാരത്തൺ മാറി.

 

Related Articles

- Advertisement -spot_img

Latest Articles