റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചന പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു. സൗദി കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം ഒന്നര കോടി സൗദി റിയാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഇന്ത്യന് എംബസിയുടെ നിര്‍ദേശ പ്രകാരം ഇന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികള്‍ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്.
ബുധനാഴ്ച വൈകീട്ടാണ് ഫണ്ട് കൈമാറാനുള്ള നിര്‍ദേശം എംബസിയിൽ നിന്നും റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരിന് ലഭിക്കുന്നത്. തുടർ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.
കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് എംബസി ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരായി റഹീമിന്റെ വക്കീലുമായി അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും. കരാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് കോടതിയിലേക്ക് നല്‍കും. കോടതി നിര്‍ദേശങ്ങള്‍ക്കനുസരിച്ചു തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് സഹായസമിതി അറിയിച്ചു.



