ടെഹ്റാൻ: അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങൾ പശ്ചിമേഷ്യയെ മുഴുവൻ വിഴുങ്ങുന്ന വൻ പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ‘ഖാതം അൽ-അൻബിയ’ സെൻട്രൽ ഹെഡ്ക്വാട്ടേഴ്സിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി. ഇറാന്റെ ഔദ്യോഗിക സംപ്രേക്ഷണ സ്ഥാപനമായ ഐ.ആർ.ഐ.ബി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയ്ക്കും അമേരിക്കയെ പിന്തുണയ്ക്കുന്ന അയൽരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്.
ദുർബലമായ സ്വന്തം സൈന്യത്തെ സംരക്ഷിക്കാനുള്ള പ്രതിരോധ കവചമായി മേഖലയിലെ രാജ്യങ്ങളുടെ സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഈ രാജ്യങ്ങൾ മനസ്സിലാക്കണമെന്ന് അബ്ദുള്ളാഹി പറഞ്ഞു. അമേരിക്കയുമായുള്ള സഹകരണവും പങ്കാളിത്തവും ഇത്തരം രാജ്യങ്ങൾ പുനഃപരിശോധിക്കണം. അമേരിക്കയ്ക്ക് പ്രതിരോധ കവചമായി നിൽക്കുന്ന ഏത് രാജ്യവും വരാനിരിക്കുന്ന യുദ്ധത്തിന്റെ തീജ്വാലകളിൽ വെന്തു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിൽ യു.എസ് താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്രയും കടുത്ത നിലപാട് വന്നിരിക്കുന്നത്. അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്ന രാജ്യങ്ങൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് ഇറാൻ.



