കാസർകോട്: മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരുന്ന തൊഴിലാളികളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച പുലർച്ചെ 1.30-ഓടെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ ഇറച്ചി കടക്ക് സമീപം ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഉത്തരേന്ത്യൻ മാതൃകയിലുള്ള ഈ ആസൂത്രിത ആക്രമണത്തിന് പിന്നിൽ സംഘ്പരിവാർ പ്രവർത്തകരാണെന്നും മഞ്ചേശ്വരത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും എ.കെ.എം അഷ്റഫ് എംഎൽഎ ആരോപിച്ചു.
യുപി സ്വദേശികളും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ (50), ദാവൂദ് (42), കാസർകോട് സ്വദേശി അബ്ബാസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ സന്ദർശിച്ച എംഎൽഎ, സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് അറിയിച്ചു. കേരളത്തിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും നിയമപരമായ തടസ്സങ്ങളില്ലെന്നും, തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകിയതായും എംഎൽഎ വ്യക്തമാക്കി.



