പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുതുക്കോട് തിരുവടപ്പൊറ്റ സ്വദേശി ഹക്കിമിന്റെ മകൻ അനസ് (21) ആണ് മരണപ്പെട്ടത്. അനസിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് അപകടത്തിൽ പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ പാടൂരിന് സമീപം വെച്ച് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കടിയിലേക്കാണ് സ്കൂട്ടർ ഇടിച്ചുകയറിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ റാഷിദ് നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.



