ദമ്മാം: മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഓ.എൻ.വി കുറുപ്പിന്റെ ഓർമ്മയിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപികയും, സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി.
അനിതര സാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകൾ സമ്മാനിച്ച, അവിസ്മരണീയ ഗാനങ്ങളുടെ കുളിർമഴ പൊഴിയിച്ച അതുല്യപ്രതിഭയായിരുന്നു ഓ.എൻ.വി എന്ന് അവർ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം ജ്വലിച്ചു നിന്ന അപൂർവ്വതയായിരുന്നു ഒഎന്‍വി കുറുപ്പിനെ വ്യത്യസ്തനാക്കിയത്. മലയാളിയുടെ മനം കവർന്ന പ്രിയ കവിയുടെ കവിതകൾ ചൊല്ലിയും, ഹൃദ്യമായ ഗാനങ്ങൾ ഓർമ്മയിൽ തിരികെയെത്തിച്ചുമാണ് ഡോക്ടർ സിന്ധു ബിനു അനുസ്മരണം നിർവഹിച്ചത്.
ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം, നാലുമണിപ്പൂക്കൾ തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങളും, ഭാവതീവ്രമായ ഇരുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും, ഒട്ടനവധി നാടകഗാനങ്ങളും മലയാളത്തിന് സമർപ്പിച്ചാണ് ഓ.എൻ.വി മടങ്ങിയത്. കവിതയേയും, സിനിമാഗാന ശാഖയേയും ഇത്രയുമധികം ജനകീയമാക്കിയ മറ്റൊരു കവിയും നമുക്കില്ലെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
എഴുത്തുകാരനും, പത്രപ്രവർത്തകനുമായ ആബിദ് അടിവാരം പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷാജി മതിലകം, ഷബീർ ചാത്തമംഗലം, മാലിക് മഖ്ബൂൽ, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്‍മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റൗഫ് ചാവക്കാട് അവതാരകനായിരുന്നു. ചടങ്ങിൽ ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്‍മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.



